1963 -ൽ ഇരുപത്തി ഒന്നാം വയസ്സിൽ മോട്ടോർ ന്യുറോൺ രോഗം സ്ഥിരീകരിക്കപ്പെടുമ്പോൾ, രണ്ടു വര്ഷം കൂടി മാത്രമേ ഹോക്കിങ് ജീവിക്കൂ എന്നാണു ഡോക്ടർമാർ വിധിയെഴുതിയത്. വിവരമറിഞ്ഞ അദ്ദേഹം വളരെയധികം ദുഃഖിതനായി.അക്കാലത്തെ തന്റെ ചിന്തകൾ ഹോക്കിങ് കുറിച്ചു:-"ഇതൊരിക്കലും നീതിയല്ല.എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ജീവിതം അവസാനിച്ചു എന്നാണു ഞാൻ കരുതിയത്..."(1)
എന്നാൽ പ്രതീക്ഷിച്ചതിനു വിരുദ്ധമാണ് സംഭവിച്ചത്. അനേകം ശാസ്ത്ര നേട്ടങ്ങളുടെ വേദിയായി അദ്ദേഹത്തിന്റെ ജീവിതം പിന്നെയും തുടർന്നു . ഇതിനിടയിൽ 1985-ൽ ഒരിക്കൽ കൂടി ദുരന്തം സംഭവിച്ചു. ജനീവയിലേക്കുള്ള യാത്രക്കിടയിൽ ഹോക്കിങ്ങിനു ന്യുമോണിയ പിടിപെട്ടു. ശ്വസനം നില നിർത്താൻ വേണ്ടി കഴുത്തിൽ ദ്വാരം ഉണ്ടാക്കാൻ ഡോക്ടർമാർ നിർബന്ധിതരായി. ഇതുവഴി അദ്ധേഹത്തിന്റെ സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഇച്ചാശക്തിക്കു പരിക്കേൽപ്പിക്കാൻ അതൊന്നും പര്യാപ്തമായില്ല.ഹോക്കിങ് തന്റെ ശാസ്‌ത്ര സപര്യ തുടർന്നു. 1988 ൽ '' സമയത്തിന്റെ സംപ്ഷിപ്ത ചരിത്രം'' (A Brief History of Time)എന്ന ആദ്യ കൃതി പ്രസിദ്ധീകൃതമായി. 35 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പത്തു മില്യൺ പ്രതികളാണ് വിറ്റഴിഞ്ഞത്.(2)
കടുത്ത വെല്ലുവിളികളോടൊപ്പം, കൈവരിച്ച വലിയ നേട്ടങ്ങൾ കാരണം ഹോക്കിങ്- മരണത്തിനു മുമ്പും, ശേഷവും- ഒരു മാധ്യമ ബിംബമായി തുടർന്നു.
വീൽ ചെയറിലിരുന്നു കൊണ്ട് നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞനോട് ആർക്കാണ് ആരാധന തോന്നാതിരിക്കുക ? ഹോക്കിങ്ങിന്റെ ജീവിതം നിരവധി പുസ്തകങ്ങൾക്കും,കലാ സൃഷ്ടികൾക്കും പ്രമേയമായി.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് " സർവ സംഗതികളുടെയും സിദ്ധാന്തം'' (The Theory of Everything) എന്ന ചലച്ചിത്രം. ഹോക്കിങ്ങിന്റെ ആദ്യകാല ജീവിതമാണ് ഇതിലെ പ്രമേയം.സിനിമയിലെ അഭിനയത്തിന് എഡ്ഡീ റെഡ്മെയിന് ഓസ്കാർ പുരസ്കാരവും ലഭിച്ചു.
ഹോക്കിങ്ങിന്റെ ജീവിതം നിരവധി ശാസ്ത്ര നേട്ടങ്ങൾകൊണ്ട് വേറിട്ട് നിൽക്കുന്നു.സിംഗുലാരിറ്റി സംബന്ധിച്ച സിദ്ധാന്തത്തിൽ തുടങ്ങിയ ആ സഞ്ചാരം, തമോ ഗര്‍ത്തങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ മുന്നോട്ടു വച്ചു.പ്രപഞ്ച വികാസം,പ്രാഥമിക പ്രപഞ്ച സ്ഥിതി തുടങ്ങിയവ സംബന്ധിച്ച അദ്ദേഹത്തിന്‍റെ നിഗമനങ്ങളും എടുത്തു പറയേണ്ടവയാണ്. എന്നാല്‍ ഹോകിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയെന്താണ്? കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭൗതിക ശാസ്ത്ര ഗവേഷകനായ ഷീന്‍ കാരലിന്റെ ( Sean M. Carrol) അഭിപ്രായം ഇതാണ് " തമോഗര്‍ത്തങ്ങള്‍ വികിരണം പുറത്തു വിടുന്നു എന്ന കണ്ടെത്തലാണ് അധിക ഭൗതിക ശാസ്ത്രകാരന്മാരുടെയും അഭിപ്രായത്തില്‍ ഹോകിങ്ങിന്റെ ഏറ്റവും പ്രധാന സംഭാവന എന്നാണു ഞാന്‍ കരുതുന്നത് (3) ഈ തമോ ഗർത്ത വികിരണങ്ങളാണ് പിന്നീട് ഹോക്കിങ് വികിരണം എന്ന പേരിൽ അറിയപ്പെട്ടത്.
ഇതാണ് ഹോക്കിങ്ങിന്റെ ജീവിതത്തിലെ ഏവർക്കും അറിയുന്ന ദീപ്ത വശം.
എന്നാൽ അദ്ദേഹത്തിന്‍റെ മറ്റു ചില സംഭാവനകള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയോ, ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല.ഏതൊക്കെയാണ് ആ സംഭാവനകള്‍? വിവിധ ശാസ്ത്ര മേഘലകളില്‍ ഹോകിങ്ങിനെക്കാള്‍ പ്രാഗത്ഭ്യം തെളിയിച്ച അനേകം ഭൗതിക ശാസ്ത്ര കാരന്മാര്‍ ഉണ്ടായിരിക്കെ എന്ത് കൊണ്ടാണ് ഹോകിങ്ങിനു മാത്രം വര്‍ധിച്ച മാധ്യമ ശ്രദ്ധ കിട്ടിയത്.?
ഹോക്കിങ്ങും അതിഭൗതിക ശാസ്ത്രവും( metaphysics)
2010-ല്‍ പ്രസിദ്ധീകരിച്ച The Grand Design ( മഹത്തായ രൂപകൽപന) എന്ന കൃതിയുടെ തുടക്കത്തിൽ ഹോക്കിങ് പറയുന്നു " അസ്തിത്വ സംബന്ധിയായ അന്വേഷണങ്ങളൊക്കെ തത്വ ജ്ഞാന( Philosophy)ത്തിന്റെ വിഷയമായിരുന്നു. എന്നാൽ തത്വ ജ്ഞാനം മരിച്ചു കഴിഞ്ഞു)." ( 4)
നാസ്തിക ചിന്തയിൽ അധിഷ്ഠിതമായിരുന്നു ആദ്ദേഹത്തിന്റെ പ്രപഞ്ച ദർശനം. ഹോക്കിങ് എഴുതുന്നു :" ഗുരുത്വാആകർഷണം മുതലായ നിയമങ്ങൾ ഉള്ളത് കൊണ്ട് പ്രപഞ്ചത്തിനു ശൂന്യതയിൽ നിന്ന് സ്വയം സൃഷ്ടിക്കാൻ കഴിയും......." "..............പ്രപഞ്ചത്തിന്റെ ഉല്പത്തിക്ക് , തിരി തെളിച്ചു തുടക്കം കുറിക്കാൻ ഒരു ദൈവത്തിന്റെ അനിവാര്യതയൊന്നുമില്ല....." (5)
പിന്നീട് ഒരു പ്രഭാഷണത്തിൽ, ഗുരുത്വാകർഷണ ശക്തി എങ്ങനെയാണ് ഇല്ലായ്മയിൽ നിന്ന് പ്രപഞ്ച സൃഷ്ടി നടത്തുക എന്ന് അദ്ദേഹം വിശദീകരിച്ചു.പക്ഷെ അത് ഭൗതിക ശാസ്ത്ര കാരന്മാരുടെ പക്ഷത്തു നിന്ന് വലിയ വിമർശനം ഏറ്റു വാങ്ങി.ആ പ്രഭാഷണം അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിലാണ് അത് കലാശിച്ചത്.......(6) അന്ന് മുതൽ, അദ്ദേഹത്തിന്റെ തത്വ ശാസ്ത്ര പരവും, അഭൗതിക ശാസ്ത്രപരവുമായ അഭിപ്രായങ്ങൾ എന്നും വിവാദ വിഷയമായിരുന്നു.ഹോകിങ്ങിന്റെ പ്രധാനപ്പെട്ട തത്വ ശാസ്ത്ര നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നത് കൌതുക കരമായിരിക്കും.പ്രപഞ്ചത്തിനു സ്വയം സൃഷ്ടിക്കാൻ കഴിയും എന്ന ഹോക്കിങ് സിദ്ധാന്തത്തിന്റെ സാധുത എത്രത്തോളമാണ്? അദ്ദേഹം എത്തിച്ചേർന്ന നാസ്തിക ദർശനത്തിന്റെ വിശ്വാസ്യത എത്രയാണ്?
ശാസ്ത്രം എല്ലാത്തിനുമുള്ള ഉത്തരമല്ല.
'' ശരിക്കും ഹോക്കിങ്ങിന്റെ തത്വ ശാസ്ത്രമാണ് നാം ചർച്ച ചെയ്യേണ്ടത്.അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്ര ലോകത്തെ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്.യഥാർത്ഥത്തിൽ, ജ്ഞാനത്തിന്റെ ഒരേയൊരു വഴിയാണ് ശാസ്ത്രം എന്ന വിശ്വാസം അസംബന്ധമാണ്. ഇത് ഏറ്റവും അപകടകരമായ അസംബന്ധമാണ് എന്നാണു ഞാൻ കരുതുന്നത്......"( പ്രൊഫ: റസ്സൽ സ്ഥാനാർഡ്- ബ്രിട്ടീഷ് ഓപ്പൺ യൂണിവേഴ്സിറ്റി) (7)
അനാദി കാലം മുതൽ മനുഷ്യ ധിഷണയെ അസ്വസ്ഥമാക്കുന്ന അതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഹോക്കിങ് തന്റെ ഗ്രൻഥം തുടങ്ങുന്നത്: പ്രപഞ്ചത്തിനു ഒരു സൃഷ്ടാവിന്റെ ആവശ്യം ഉണ്ടോ? നമ്മുടെ അസ്തിത്വത്തിന്റെ അർഥം എന്ത്? (8) ഭൗതിക ശാസ്ത്രത്തിന്റേതു മാത്രമായ മാർഗങ്ങളിലൂടെ പ്രസ്തുത ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനാണ് പുസ്തകത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹം ശ്രമിക്കുന്നത്.
എന്നാൽ നോബൽ സമ്മാനം നേടിയ ജീവ ശാസ്ത്രജ്ഞനായ, പീറ്റർ മെഡാവർ( peter medawar) പറയുന്നത്, ഹോക്കിങ്ങിനു ഈ വിഷയത്തിൽ അബദ്ധം പറ്റി എന്നാണു. മേല്പറഞ്ഞ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ശാസ്ത്ര പരീക്ഷണം മാത്രം ആശ്രയിച്ചു എന്നത് ഹോക്കിങ്ങിനു പറ്റിയ വലിയ പിഴവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. Advice to a Young Scientist എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു :തന്റെയും, ശാസ്ത്രത്തിന്റെയും മഹത്വം തകർക്കാൻ ഒരു ശാസ്ത്രജ്ഞന്റെ മുന്നിലുള്ള ഏറ്റവും എളുപ്പ വഴി ,പരീക്ഷണാത്മക ശാസ്ത്രത്തിനു എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അറിയാം,അല്ലെങ്കിൽ ഭാവിയിൽ അങ്ങനെ അറിയാൻ കഴിയും