Monday, 20 January 2014

.ജീവിതം...

രണ്ടു കരച്ചിലുകള്‍ക്കിടയില്‍,
നീണ്ടു കിടക്കുന്ന ഒരു നേര്‍ രേഖ.
ആദ്യം നമ്മള്‍ കരഞ്ഞു കൊണ്ട് വരും,
പോകുമ്പോള്‍ മറ്റുള്ളവരും.

ആദ്യാക്ഷരം

ലീലാമ്മ സാറാണ് എഴുതിച്ചത്,

വലതു കയ്യുടെ ചൂണ്ടു വിരല്‍ പിടിച്ചു 

തറയിലിട്ട വെറും മണ്ണില്‍,ഹരി...ശ്രീ..

ചുണ്ടില്‍ ചിണുങ്ങി നിന്ന വിതുമ്പലിനും

കണ്കോനില്‍ തുളിമ്പുനിന്ന കണ്ണ് നീരിനും ഇടയില്‍

എങ്ങിനെയോ ഞെങ്ങി ഞെരുങ്ങി കടന്നു പോയ ശിഥില ശബ്ദങ്ങള്‍...

പിന്നെ അലിഫ് ബായും,എ ബി സി ടിയും കടന്നു,

പടര്‍ന്നു കേറിയ ഒരു മുല്ല വള്ളിയുടെ വിത്തായിരുന്നു 

തല നീട്ടാന്‍ വെമ്പിയത് എന്ന് അന്നരിഞ്ഞിരുന്നുവോ?

പ്രിയ തമ

ഹവ്വ സ്വര്‍ഗത്തിലെ മരചോട്ടിലിരുന്നു 
ആദമിനോട് കിന്നാരം പറഞ്ഞു.
 സ്വര്‍ഗത്തിലെ കിളികളും,മൃഗങ്ങളും 
അസൂയ മൂത്ത് ബഹളം വച്ചു.
പക്ഷെ പുഴകള്‍ പാതസരം കിലുക്കിയും 
കാറ്റ് മൃതുവായ് തലോടിയും കൂടെ ചേര്‍ന്നു.
ഹവ്വ ആദമിന്റെ കൈ പിടിച്ചു,
പുഴക്കരയിലൂടെ ശാന്തിയുടെ അനന്തതയിലേക്ക് യാത്ര ചെയ്തു.
ലോകം ബഹള മായ മാകുമ്പോള്‍ ശാന്തിയുടെ ദൂതുമായ്‌ 
ഒരു മൃത് മാന്ത ഹാസത്തോടെ 
വെളിച്ചത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവലാണ് പ്രിയ തമ.

ഒരു ദര്‍ശനം ഹിംസയുടെ എസ് കത്തിയായ് ഖനീഭവിച്ചു പോയപ്പോള്‍

അന്നതൊരു പ്രതീക്ഷയായിരുന്നു,
തകര്‍ന്ന നിലങ്ങളില്‍ ജീവന്റെ പുതിയ തുടിപ്പായി.........
ഇരുണ്ട മാനത്ത് ,ഉദിച്ചുയര്‍ന്ന രക്ത താരകമായ് ........
ശിഥില സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയ ചക്രവാളമായ് .........
മാനവ ചരിതത്തിന് വേഗം പകര്‍ന്ന രഥ  ചക്രമായ് .....
മാനവികതയുടെ ഭാവി മുല്ലപ്പൂവിന്റെ സുഗന്ധവും,
ആകാശ നീലിമയുടെ ശാന്തതയും സ്വപ്നം കണ്ടു ,
കോടി മനസ്സുകളുടെ പ്രലോഭനമായ് ഹരം കൊള്ളിച്ചു.......
കിഴക്കും,പടിഞ്ഞാറും നവലോകത്തിന്റെ നിറ  സ്വപ്നങ്ങള്‍ക്ക്
കമ്യുണിസത്തിന്റെ രക്ത ചന്ദനത്തിന്റെ വര്ണം കൊണ്ട്  കുറി വരഞ്ഞു....
ചരിത്രത്തിന്റെ രഥ ചക്രം പിന്നെയുമുരുണ്ടപ്പോള്‍ ,
വിപ്ലവത്തിന്റെ ഹിംസ,ഹിംസയുടെ വിപ്ലവത്തിന് വഴിമാറി.......
വോല്ഗയുടെയുടെയും,യാങ്ക്റ്റി സിയുടെയും സ്വച്വ പ്രവാഹത്തില്‍,
കുംകുമത്തിന്റെ രക്ത ച്ചവി പടര്‍ന്നു.
ചിലിയില്‍ വിപ്ലവത്തിന്റെ സ്വപ്നങ്ങള്‍ക്ക് ,
സഹസ്രങ്ങളുടെ തലയോടുകള്‍ കൊണ്ട് അടിത്തറ ശക്തമാക്കി........
പിന്നെ ഹിംസയുടെ പുതിയ പുഷ്പങ്ങള്‍  തുടരെ വിരിയിക്കാന്‍ ‍,
ഫാസിസം,നാസിസം എന്നിവയ്ക്കൊപ്പം വിശ്വ ദര്‍ശന ചരിത്രത്തിലെ
ഒരു വിഷ വൃക്ഷമായ് ഒരു ദര്‍ശനം കൂടി.......
മാര്‍ക്സിന്റെ വിപ്ലവ സ്വപ്‌നങ്ങള്‍ എന്നാണ് കേരളത്തിലും ,
ഹിമ്സയുടെത് മാത്രമായ ഒരു എസ് കത്തിയായ്  ഖനീഭവിച്ചു പോയത്....
അന്യന്റെ വാക്കുകള്‍ സംഗീതമായ് കേള്‍ക്കുന്ന കാലത്തെ കുറിച്ച് വാചാലമായ
മഹാമാനീഷികളുടെ സാന്നിധ്യ സമ്പന്നതയില്‍ എങ്ങനെ പച്ച മാംസത്തിന്റെ
ഹൃസ്വ വൃത്തത്തില്‍ അന്പതിയോന്നു വെട്ടു വെട്ടാന്‍ ഹിംസ ഉറഞ്ഞുകൂടി-ഇര ഒരു മൃഗമല്ലാതിരുന്നിട്ടും?

മുല്ലപ്പൂവിന്റെ മണം കുട്ടിക്കാലം മുതലേ ,
എനിക്കൊരു പ്രലോഭനമാണ്‌............
കുട്ടിക്കാലത്ത് മൂത്ത പെങ്ങള്‍ നട്ടുവളര്‍ത്തിയ ,
ഒരു മുല്ലവള്ളിയുണ്ടായിരുന്നു മുറ്റ ത്തു.
ചില പൌര്‍ണമി രാവുകളില്‍ അതിന്റെ മണം ,
നിലാവില്‍ വിലയം പ്രാപിക്കുമ്പോള്‍,
സുഗന്ധത്തിന്റെ ഒരു ദര്‍ശന സൌന്തര്യം എന്നെ പുല്കിയിരുന്നു.
എന്നാല്‍ മുല്ലപ്പൂവിനു ഒരു ചരിത്രമുണ്ടെന്നും
അതിന്റെ മണത്തിന്  ഒരു ചരിത്രം തന്നെ സ്രിഷ്ടിക്കാനാവുമെന്നും  അറിയാന്‍  ഇത്രയും
വൈകിപ്പോയി .
ആ വിജനമായ തെരുവില്‍ കത്തിയമര്‍ന്ന ബൂ അസീസിയുടെ ശരീരത്തില്‍ നിന്നും പടര്‍ന്ന
തീ നാളതിനും മുള്ളപ്പൂമനമായിരുന്നെന്നു പിന്നീടറിഞ്ഞു........
അപ്പോഴേക്കും പിരമിഡിന്റെ നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ മൈതാനത് ഒരായിരം മുല്ലചെടികള്‍
പെട്ടെന്ന് തഴച്ചു വന്നു.
പിന്നെ ദേശാന്തരങ്ങളെ കടന്നു വന്നു ആ മണം അങ്ങനെ പരന്നു കൊണ്ടേ യിരുന്നു.
സുഗന്ധം ഒരു സ്വച്ച ഗുണമാണ് .
അതിനൊപ്പം ശാന്തതയുണ്ടാകും .
എങ്ങനെയാനത് വിപ്ലവത്തിന്റെ രൌദ്ര ഭാവം കൈകൊണ്ടത്‌?
  ഏകാധിപത്യത്തിന്റെ ആധുനിക രൂപ ഭേദങ്ങള്‍ ചരിത്രത്തെ ഖനീഭവിപ്പിച്ചപ്പോള്‍............
മുല്ല  പൂക്കല്‍ക്കുപോലും രൌദ്രമാകേണ്ടി വന്നു.

കടല്‍

നീലിമയുടെ അഗാധതയില്‍
തല പൂഴ്ത്തി ,
ഏതോ ഒരു സത്യം വിളിച്ചു പറയാനുള്ള
തലമുറ കളാ യുള്ള  അസ്വസ്ഥത.
ഏതോ ഒരു സത്യം ഉള്ളിലെവിടെയോ
ഉടക്കി കിടക്കുന്നുണ്ട്.
പറയാനായി വന്നു പാറയില്‍ ചുണ്ട് ചേര്‍ക്കുമ്പോള്‍
ഒരു പിന്‍വിളി.
ഇടക്കൊക്കെ മനസ്സ് പതറി പ്പോകുംപോള്‍
തലയൊന്നു കുടഞ്ഞു എഴുന്നേറ്റു നിന്ന് നെടുവീര്‍പ്പിടും
അപ്പോള്‍ ആയിരം വെള്ള മുടി ചാര്‍ത്തുകള്‍
കാറ്റിലുലഞ്ഞു കരയെ തലോടും.
ആകാശം

തലയ്ക്കു മുകളില്‍ അങ്ങനെ നീണ്ടു നീണ്ടു...
അനന്തതയിലേക്കെറിഞ്ഞ കയറു പോലെ .....
കടലിന്റെ വിത്തുകള്‍
മുകളിലേക്ക് പടര്‍ന്നു കയറി പന്തലിച്ചതാണേന്നേ  തോന്നൂ...
ഒരു പൂര്‍ണ്ണ വിരാമം എപ്പോഴും  അസാദ്ധ്യമാണ് .
അര്‍ദ്ധ വിരാമങ്ങള്‍ മാത്രമുള്ള കഥപോലെ.........
അതോ വൃത്തത്തിലോതുങ്ങാത്ത കവിതയോ.......
അനന്തമായ ഒരു സാധ്യതയാണ് ആകാശം.
എന്റെ ഗ്രാമത്തില്‍ , പണ്ട് കായലിനക്കരെ കുന്നിന്‍ ചെരിവില്‍
ആകാശം ചെരിഞ്ഞിറങ്ങിയിരുന്നു .
എന്നാല്‍ ഞാന്‍ പടിപ്പു തുടങ്ങിയപ്പോള്‍
ആകാശം വീണ്ടും അനന്ത തയിലേക്കെറിഞ്ഞ കയറായി
നീണ്ടു നീണ്ടു പോയി..........

വസന്ത മുദ്ര.

മിസ്രില്‍ നിന്ന്  വീശിയ
കാറ്റിനു ഈ ഉഷ്ണത്തിലും  ഇന്ന് കുളിരായിരുന്നു....
നീലിന്റെ പാതസരത്തിന് പതിവിലുമേറെ മുഴക്കം.
പിരമിടുനുള്ളില്‍ ഫറവോന്റെ അസ്ഥികൂടം ഞെരിഞ്ഞമര്‍ന്നു.
രക്ത സാക്ഷികളുടെ ചോര തുള്ളികള്‍
നക്ഷത്രങ്ങളായ് മാനതുയര്‍ന്നു ഭൂമിയിലേക്ക്‌
സുവര്‍ണ്ണ മിഴിനീര്‍ തൂകി ....
ഫലസ്തീനിലെ ഒലിവു ചില്ലകളില്‍ വീണ്ടും,
കുഞ്ഞിക്കുരുവികള്‍ ആഹ്ലാദ ഗീതം മുഴക്കി.
തുനീസ്യയിലെ പൂന്തോപ്പുകളില്‍ വീണ്ടും
ഒരായിരം മുല്ലപ്പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു .............
സഹാറയുടെ തൊണ്ടയിലെവിടെയോ കുടിങ്ങിക്കിടന്ന
ആ മരുക്കാറ്റ് മുകളിലേക്കുയര്‍ന്നു
ചരിത്രത്തിന്റെ പുതിയ ചലനങ്ങള്‍ക്ക് വേഗം പകരാന്‍
കാലം നിശ്ചലമായ ഏതോ ഇടത്തേക്ക് വീണ്ടും ഉഴറിപ്പോയി .
കൈറോയില്‍ വെടിയേറ്റ്‌ വീണ ബന്നയുടെ സ്വപ്‌നങ്ങള്‍
മിസ്രില്‍ പ്രേസിടെന്റിറെ കൊട്ടാരം കയറി.........
ചൊല്ലാം നമുക്ക് ആയിരം കണ്ടങ്ങളാല്‍...........
അല്‍ഹംദുലില്ലാഹി ..അല്ലാഹു അക്ബര്‍......
24/06/2012(ഈജിപ്ഷന്‍ ഇലക്ഷനില്‍ മുരസി വിജയിച്ചപ്പോള്‍ എഴുതിയത്)
ഈജിപ്തിന്റെ മാനത്ത്  പുതിയ
വസന്ത പൌര്‍ണമി.
ഇത് ചരിത്രമെഴുതിയ മധുര പ്രതികാരം.
അത് കാലത്തിന്റെ ഒരു ഓര്‍ത്തെടുക്കലായിരുന്നു.
മൂസയുടെ സ്വപ്‌നങ്ങള്‍ സീനയുടെ താഴ്വരയില്‍ ....
 പുലര്‍ച്ച തേടി വിങ്ങുകയായിരുന്നു.
ചെങ്കടലിന്റെ അലമാലകള്‍ക്ക്
തീപിടിച്ച ദശാബ്ദങ്ങള്‍ എത്ര കടന്നു പോയി?
ആകാശത്തെ സ്വപ്നം കണ്ടു നീലിമയിലോഴുകിയ
നയിലിന്റെ കുഞ്ഞോടങ്ങള്‍,
അപരാധമറിയാത്ത ചോരയുടെ ചൂരേറ്റു 
വിറയാര്‍ന്ന നാളെത്ര കഴിഞ്ഞുപോയ്‌ ...
കാലം ഖബറടക്കിയ പിരമിഡുകളില്‍
 നിന്നും ഇറങ്ങി വന്ന
ജീര്‍ണിച്ച ഫറൊവമാര്‍
നയിലിന്‍ തടങ്ങളില്‍ ദുര്‍ഗന്ധം നിറച്ചു.
യുസുഫിന്റെ ക്ഷേമ രാഷ്ട്രത്തില്‍
അവര്‍ ക്ഷാമ രാഷ്ട്രം പണിതു .
മിസ്രിന്റെ നിദ്രകളില്‍ എന്നും തടിച്ച പശുക്കള്‍ മെലിഞ്ഞ
പശുക്കളെ തിന്നു കൊണ്ടേ യിരുന്നു.
മൂസയുടെ വടി പാമ്പിനെ വിഴുങ്ങിയ ദേശത്ത്
യാങ്കിയും സാമിരിയ്യും പാമ്പും കോണിയും കളിച്ചു.
അമാവാസിയുടെ ഇരുളില്‍ മിസ്രിനു വഴികാട്ടാന്‍
സീനായില്‍ പോലും വെളിച്ചമുദിച്ചില്ല ............
                          2
ഇപ്പോള്‍ ഒലിവിന്‍ ചില്ലകളില്‍ കാറ്റ് പിടിച്ചിരിക്കുന്നു.
പിരമിഡുകള്‍ വീണ്ടും ഫറോവമാരെ മടക്കി വിളിക്കുന്നു
സീനായില്‍  വീണ്ടുമൊരു വെളിച്ചത്തിന്റെ കിരണമുതിച്ചു.
മൂസയുടെ വടി പുതിയകാലത്ത്
വോട്ടുപെട്ടിയില്‍ ഒരായിരം പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മമേകി.
സ്വേചാധിപത്യത്തിന്റെ വിഷ സര്‍പങ്ങളെ വിഴുങ്ങി -
അവ ദൈവിക ദ്രിഷ്ടാന്തത്തിന്റെ പുതിയ ഗാഥ രചിച്ചു.
മിസ്രിലൊരു സാന്‍അയും ഹദര മൌതും-
പേടിയുടെ അകലങ്ങള്‍ ഇല്ലാതാകുമോ?
മിസ്രില്‍ നിന്നും ഇനി യൊരു സലാഹുദ്ധീന്‍ വരുമോ
ഖുദു സിന്റെ ചക്രവാളത്തില്‍ വിമോചനത്തിന്റെ പുതിയ ഗീതവുമായി.?
                                  3
കാലമേ പറഞ്ഞാലും ,കാത്തിരിക്കുന്നൂ ഞങ്ങള്‍
വിസ്മയമൊടുങ്ങാത്ത കാഴ്ചകള്‍ വീണ്ടും കാണാന്‍.
ചരിത്രം വീണ്ടും വീണ്ടും തിരിഞ്ഞു തിരിഞ്ഞതിന്‍
സഞ്ചാര പരിവൃത്തി  പലതും പിന്നിടുമ്പോള്‍,
സംഭാവ്യമല്ലെന്നു നാം ഗണിച്ച പലതുമീ 
സംഭവ ലോകത്തിന്റെ രാശിയില്‍ വിടരുന്നു.-
എന്നതാണല്ലോ ലോകം ചരിക്കും നീതി തത്വം
എന്നതാണല്ലോ കാലം ഓതുന്നു വീണ്ടും വീണ്ടും .
പ്രാര്‍ത്ഥന മാത്രം കയ്യില്‍ അര്‍പിക്കാ നുള്ള ന്നാലും 
ചക്രവാളത്തില്‍ വീണ്ടും വസന്തം മുഴങ്ങുന്നു.

ആമുഖം .

വിശ്വാസ ജീവിതം എന്നത് ദൈവവും മനുഷ്യനുമായുള്ള പരസ്പര പ്രേമത്തിന്റെ അദൃശ്യമായ പട്ടുനൂലിനാല്‍  തുന്നിച്ചേര്‍ക്കപ്പെട്ടതാണ്.  ജഡപൂര്‍ണ്ണമായ നിശ്ചലതയല്ല അത്. ദൈവത്തോടപ്പമുള്ള അനുയാത്രയാണ്.തണുത്തുറഞ്ഞു സ്ഥിത സ്വഭാവം കൈവരിച്ച ഒരു ഹിമാവസ്ഥ ഒരിക്കലും അവിടെ ഉണ്ടാവില്ല.
പരിഭവങ്ങളും,പരിദേവനങ്ങളും,കലഹങ്ങളും,അഗാധമായ നിര്‍വൃതിയും,ഹര്ഷോന്മാദത്തിന്റെ മൂര്‍ച്ചയും ഒക്കെ നെടുകെയും,കുറുകെയും മുറിച്ചു കടക്കുന്ന ഒട്ടനേകം രേഖകള്‍ പല ദിശയില്‍ പ്രയാണം ചെയ്യുന്ന ഒരു ബഹുലാര്‍ഥ യാധാര്‍ഥയമാണത്‌.അല്ലാഹുവിന്റെ സന്നിധിയിലേക്ക്  ഒരു പച്ചക്കിളിയായ് നിരന്തരമായുള്ള പറക്കലിനിടയിലുളവാകുന്ന ഇടര്‍ച്ചകളും തളര്ച്ചകളും സൃഷ്ടിക്കുന്ന  ആഴമേറിയ വേദനകളും,
വീണ്ടും ഉയര്‍ന്നെഴുന്നേറ്റു പറക്കലുകള്‍ സമ്മാനിക്കുന്ന പ്രതീക്ഷയുടെ ആനന്തവും ഇരുളിന്റെയും വെളിച്ചത്തിന്റെയും അലകളായി പരസ്പരം ഖണ്ഡനം ചെയ്തു കൊണ്ടേ ഇരിക്കും.അവസാനം വരെയും പ്രവചനങ്ങള്‍ അസാധ്യമാക്കുന്ന, പലപ്പോഴും സ്ഥിത സമവാക്യങ്ങള്‍ക്ക് വ്യാഖ്യാനിക്കാനാവാത്ത ഒരു പ്രതിഭാസം ആയിരിക്കുമത്.ആത്മാവ് വറ്റിയ മതത്തിന്റെ ഉപകരണപ്പെട്ടിയിലെ സ്കെയിലും കോമ്പസ്സും കൊണ്ട് അളന്നു മുറിച്ച നിയതവും പരിമിതവുമായ ഭൂമിശാസ്ത്രമല്ല ഒരിക്കലും വിശ്വാസ ജീവിതം.ഒരു പുഴയുടെത് പോലുള്ള നിരന്തരമായ പ്രവാഹങ്ങളും,വേലി യേറ്റങ്ങളും ഇറക്കങ്ങളും അവിടെ സംഭവിച്ചു കൊണ്ടേ ഇരിക്കും.
(ഇവിടെ കൊടുക്കുന്ന ചില ആത്മ വിചാരങ്ങള്‍,വിശ്വാസ സമൂഹത്തിന്റെ വേദനകളില്‍ മനം നീറിയ  ഭൂത കാലത്തെ  ഏതോ ചില നിമിഷങ്ങളില്‍ അല്ലാഹുവുമായുള്ള സംഭാഷണ രൂപത്തില്‍  കുറിചിട്ടതാണ്.ഇതെഴുതുമ്പോള്‍, വായിച്ചിട്ടില്ലെങ്കിലുംകേട്ടറിഞ്ഞ, ഇഖ്‌ബാലിന്റെ ശികവാ(പരിദേവനം)മനസ്സിലുണ്ട്.

പരിദേവനം 

 ദൈവമേ ,
നീ എന്നെ അയച്ചതെന്തിനു,
ഈ ലോകത്തേക്ക് ?
ഞാനിത് ആശിച്ചതല്ലല്ലോ.
നീ എന്തേ  ഒന്നും മിണ്ടുന്നില്ല ?
വിധിയുടെ സിംഹാസനത്തിനു പകരം,
  മൌനത്തിന്റെ വാല്‍മീകം നിനക്ക് താവളമായെന്നോ?
ബാഗ്ദാദില്‍ വെടിയേറ്റ്‌ ചിതറിയ ആ കുഞ്ഞിന്റെ രോദനം
നിന്റെ കര്‍ണ്ണ പുടത്തിലേക്ക് ,
അനുമതി കിട്ടാതെ മരിച്ചു വീണു.
മുഹമ്മദ്‌ അബൂ ദുര്‍റയുടെ ജീവന്റെ മേല്‍ ഇസ്രായേലി വെടിയുണ്ടകള്‍
ഉന്മാദത്തിന്റെ നടനമാടിയപ്പോള്‍,
നിന്റെ കാഴ്ചക്ക് കാര്‍മേഘം മറയിട്ടു.
ഗുജറാത്തില്‍, പാവം പെണ്ണിന്റെ ഉള്ളില്‍ പൊടിച്ചു വന്ന പുതു നാമ്പുകള്‍
അരിഞ്ഞെടുത്തു അഗ്നിയിലെക്കെറിഞ്ഞപ്പോള്‍,
നിന്റെ മൌനം അക്രമിയുടെ വാളിനു മൂര്ച്ചയേറ്റിയോ?
നിസ്സംഗതയുടെ പട്ടുമെത്തയില്‍ സുഷുപ്തി കൊള്ളൂന്നവനെ,
ഇവന് നിന്നോട് പിണക്കമാണ് .
അതിരറിയാത്ത കാരുണ്യത്തെ ക്കുറിച്ച് കലാമില്‍* വചാലമായവനെ,
നിന്റെ ആകാശത്തിലെന്തേ കാരുണ്യത്തിന്റെ മേഘങ്ങള്‍ വനധ്യമായിപ്പോയത് ?
നിന്റെ ഭൂമിയില്‍ പിശാചിന്റെ അട്ടഹാസങ്ങള്‍..
സംഹാര മൂര്‍ത്തിയുടെ താണ്ഡവ നൃത്തം.
ദുര്‍ബലന്റെ തലയോടുകള്‍ക്ക് മേല്‍,
പ്രബലന്മാര്‍ സാമ്രാജ്യ മുയർത്തുന്നു.
യാ അല്ലാഹ് ,
എന്നിട്ടുമെന്തേ നീ ദൂരെ മാറി,
മാന്തഹാസം തൂകി,
ഒന്നും അറിഞ്ഞില്ലെന്നു നടിക്കുന്നു.
നീ പ്രബലന്മാര്‍ക്കൊപ്പമെന്നോ ?
മര്ദിതന്റെ എതിര്‍ ചെരിയിലോ ?
ഇല്ല,എനിക്കിത് കാണാന്‍ കരുത്തില്ല.
ഇല്ല ,എനിക്കിത്  കേള്‍ക്കാന്‍ ശേഷിയില്ല.
എപ്പോഴാണ് ?എവിടെയാണ് വെളിച്ചം ഉദിക്കുക ?
നീ ഉത്തരം പറയുന്നേ ഇല്ല.
ചുണ്ടുകള്‍ വീണ്ടും ഇറുക്കി അടക്കുന്നു.
അതിനാല്‍,യാ അല്ലാഹ്,
പിണക്കമാണ് എനിക്ക് നിന്നോട് ,
ഉത്തരം തരും വരെ നാം തമ്മില്‍ മിണ്ടില്ല .
(2005 മെയ്‌ )



* ഖുര്‍ ആണാണ് ഉദ്ദേശം

മോഹം 
യാ അല്ലാഹ്..........

ഇവന് കൊതിയാവുന്നു നിന്നെ കാണാന്‍....
നീ വരുമോ,
ഒരിക്കലെങ്കിലും എന്റെയീ ഓല മാടത്തില്‍?
നിന്നെയിരുത്താന്‍ സിംഹാസനമില്ലല്ലോ നാഥാ....
ഞാന്‍ പായ വിരിച്ചു തരാം....
നിനക്കേകുവാന്‍ കൊട്ടാര സദ്യയില്ലല്ലോ നാഥാ..
ഞാന്‍ എളിയ നിവേദ്യം അര്പിക്കാം.....
എനിക്കാവില്ല അങ്ങേക്ക് എഴാനാകാശവും താണ്ടി വരാന്‍.....
നക്ഷത്ര ലോകത്ത് പറക്കാനുള്ള വിദ്യയും ഇവന് വശമില്ല.
അല്ലാഹ്,
എനിക്കേകുമോ ഒരു മിഅറാജ്?
മുസ്തഫക്കേകിയ  പോലെ .....
എനിക്കനുവദിക്കുമോ നീ ഒരു കൂടി കാഴ്ച ?
നാഥാ,
ഞാനുമൊന്നു നടന്നോട്ടെ,
പ്രകാശ സാഗര തീരങ്ങളില്‍...
ജിബ്രീലിനറിയാത്ത
പ്രപഞ്ച മണ്ഡലങ്ങളില്‍ ......
നാഥാ,
എന്നാണു ആഗ്രഹങ്ങള്‍ പൂവണിയുക ?
എന്നാണ് ഹൃദയം ശാന്തമാവുക ?
അറിയില്ല ,എങ്കിലും ഞാനിതാ നമിച്ചു നില്‍ക്കുന്നു
നിന്‍ മുന്നില്‍....
വരണ്ട നിലങ്ങളില്‍ വസന്തം വിടരും,
നാളെയുടെ നിര്‍വൃതിയില്‍ .................
(2005 മേയ് .....അപ്രകാശിത രചനകള്‍)

പ്രത്യുത്തരം

നാഥാ,
ഇവനിതാ വന്നണഞ്ഞൂ ,
നിന്‍ സന്നിധിയില്‍,
പിണക്കത്തിന്‍ മുള്‍ വേലി തകര്‍ത്തു വീണ്ടും.
ഇവനാവില്ലൊരല്പനേരവും ,
പിരിഞ്ഞിരിപ്പാന്‍ നിന്‍ സ്നേഹ സന്നിധിയെ.
പ്രണയം നിറയും ഖല്‍ബിന്‍ കണ്ണാടിയില്‍ തെളിയും,
പ്രേമ ഭാജനത്തോടുള്ള പരിഭവങ്ങള്‍ക്ക്
ലോകം വിധിതീര്‍പ്പ്  നല്‍കി ,കുഫ്ര്‍ എന്ന്.
മതത്തിന്‍ കാവലേറ്റെടുത്ത ബിലെയാമിന്റെ സന്തതികള്‍,
സമവാക്യങ്ങളുടയുന്ന  ശബ്ദം കേട്ട് രോഷം കൊണ്ടു.
വാചാലമാം നിന്‍ കലാം കൈയിലിരിക്കേ,
നിന്റെ മൌനത്തെക്കുറിച്ച് വാചാലമായത് എന്റെ അറിവില്ലായ്മ.
മനുഷ്യന്റെ കര്‍മ ശേഷിയെ വിധിയുടെ ഉപാധിയാക്കിയവനെ,
സമുദായത്തിന്റെ നിസ്സംഗതയെ,
നിന്റെ മൌനമായ് കരുതിയതു എന്റെ തെറ്റ്.
അസ്ഥിത്തറയിലെ  ജീവ സ്പന്തത്തില്‍ നിന്ന് പുതിയ വസന്തത്തിന്റെ
കാറ്റുകള്‍ക്ക്  ഗതിവേഗം നല്കിയവനെ,
എല്ലാ ഇരുണ്ട തുരംഗങ്ങള്‍ക്കൊടുവിലും കാണാവുന്നത്‌
നിന്‍ വെളിച്ചം മാത്രം.
 ഒട്ടകം നഷ്ടപ്പെട്ടു -
മരുഭൂവില്‍ മരണത്തിന്റെ സ്പന്തനങ്ങള്‍ക്ക് കാതോര്‍ത്തു കിടക്കുമ്പോള്‍,
നിന്റെ കാരുണ്യത്തിന്റെ മാലാഖമാര്‍ വന്നു,
വിദൂര മരുപ്പച്ചയിലേക്ക്‌ ചിറകേറ്റി കൊണ്ടുപോകും.
എന്നിട്ടും നിന്റെ കാരുണ്യത്തിന്റെ മാനത്ത്,
മേഘങ്ങള്‍ വന്ധ്യമെന്നു ഞാന്‍ പറഞ്ഞു കളഞ്ഞു...!
അല്ലാഹ്,
ഇല്ലായ്മയില്‍ നിന്ന് ഇവന്ന് ഉയിരേകിയവനെ
ഇവന്റെ ജന്മത്തിന് അര്‍ഥം നല്കിയവനെ...
നിന്റെ സാന്നിധ്യം ഇവനെ ചകിതനാക്കുന്നില്ല.
നിന്നോടുള്ള പരിഭവങ്ങള്‍ക്ക് ഈ പ്രണയം മറയാകുന്നില്ല ,
ഒരു  പാലമാകുന്നതല്ലാതെ.
മുല്ലമാര്‍ക്ക് വിസ കിട്ടാത്ത നിന്റെ ലോകത്തെ-
സാധു ഭക്തനാണ് ഞാന്‍.
ബിലെയാമിന്റെ സന്തതികള്‍ പടിയിറക്കി വിട്ട ആയിരങ്ങള്‍ക്കൊപ്പം,
ഞാനവിടെ ഉണ്ടാകും,
നിന്നോട് പരിഭവം പറഞ്ഞും,ചങ്ങാത്തം കൂടിയും............
( 2005 മെയ്‌ - പരിദേവനം എന്ന കവിതയ്ക്ക് ശേഷം എഴുതിയത്..)

തോക്കും ബോംബും ഇല്ലാത്തവന്‍ എങ്ങനെ പോരാടും?
നിങ്ങള്‍,
എന്റെ അവസാന ബുള്ളറ്റും പിടിച്ചു വാങ്ങി,
എന്റെ കൈകളെ വിലങ്ങു വെച്ചു.
കാലുകളില്‍ ചങ്ങല അണിയിച്ചു.
വായും കണ്ണും മൂടിക്കെട്ടി.
നിങ്ങള്‍,
എന്റെ കുടുംബം തകര്‍ത്തു.
നാടും വീടും തകര്‍ത്തു.
എന്റെ ജനതയുടെ സ്വപ്നങ്ങള്‍ക്ക്,
നിങ്ങള്‍ ചിതയൊരുക്കി.
ഒരു ബ്രോയിലര്‍ കോഴിയെപ്പോലെ-
 ഞാന്‍ ചിറകൊതുക്കിത്തരുമെന്നു,
ചുണ്ട് പൂട്ടി വയ്ക്കുമെന്ന്,.
വളര്‍ത്തു നായ പോലെ-
ഞാന്‍ വാലാട്ടി വിധേയനാവുമെന്നു,
പായല്‍ പോലെ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഒഴുകുമെന്ന്,
കരിയില പോലെ,
നിങ്ങള്‍ക്കൊപ്പം പാറുമെന്ന്,
നിങ്ങള്‍ കരുതി.
എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.
എന്റെ വേദനകള്‍ കൊണ്ട് ഞാന്‍ പ്രതിരോധിക്കും.
എന്റെ കണ്ണ് നീര്‍ കണങ്ങള്‍,
സമുദ്രങ്ങളായ് ആര്‍ത്തിരമ്പും.
എന്റെ നെടു വീര്‍പുകള്‍,
കൊടുംകാറ്റായ് വീശിയടിക്കും.
എന്റെ ഹൃദയമിടിപ്പുകള്‍
ബോംബുകളായ് പൊട്ടിത്തെറിക്കും.
എന്റെ തേങ്ങലിലെ വരി തെറ്റിയ വിറയാര്‍ന്ന ശബ്ദങ്ങള്‍,
നിങ്ങടെ കര്‍ണപുടങ്ങളെ തകര്‍ക്കും.
ഓര്‍ക്കുക,
വേദനയും,സ്വപ്നങ്ങളും,കണ്ണീരും ഉള്ള കാലം,
ഞങ്ങളുടെ പോരാട്ടം നിലക്കുകയേ ഇല്ല.
ഖുറാന്‍
വരണ്ട തൊണ്ട...
വാക്കുകള്‍ വഴിമുട്ടി....
ജീവിതത്തിന്റെ അടരുകളിലെല്ലാം,
കടുത്ത ഉഷ്ണം .
സ്വപ്നങ്ങള്‍ക്ക് മേല്‍ കടുത്ത താപം
കരി വീഴ്‌ത്തി.
മനസ്സിന്റെ വസന്തങ്ങളില്‍
മരുഭൂമികള്‍ വേലിയേറി വന്നു.
മാനത്തുനിന്നും ഒരു ജല ബിന്ധുപോലും
മണ്ണില്‍ വീഴാനറച്ചു .
പൌര്‍ണമി നിലാവിലും നിലങ്ങളില്‍
ഇരുള്‍ കടുത്തു കിടന്നു.
തല നീട്ടിവന്ന പുതു നാമ്പുകള്‍
മണ്ട തീനി പുഴുക്കള്‍ കാര്‍ന്നു തിന്നു.
ഭൂതകാലത്തെവിടെയോ വച്ച് മറന്ന സുവിശേഷങ്ങളില്‍
ചിതലുകള്‍ ഗോപുരം പണിതു കൊണ്ടേയിരുന്നു.
ആത്മാവ് തൊണ്ട ക്കുഴിയിലെത്തിയ വാക്കുകള്‍ക്ക് ,
പുതു ചൈതന്യം വേണമായിരുന്നു.
           
                               2

ആ രാവില്‍ മാലാഖ ഇറങ്ങിവന്നു,
കോമള രൂപിയായ് ,
മുസ്തഫയുടെ മുന്നില്‍.
 വിണ്ണ്‍   മണ്ണിനെ തൊട്ടപ്പോള്‍ മൃതമായ് കിടന്ന
വാക്കുകള്‍ക്കു ചിറകു മുളച്ചു.
മനുഷ്യ ഭാഗധേയത്തിന്റെ
കറുപ്പും വെളുപ്പും വരയാന്‍ പുതിയോരെഴുത്തുകോല്‍.....
അമാവാസിയുടെ കടുത്ത ഇരുളില്‍ നിന്നും,
പൌര്‍ണമിയുടെ തൂവെളിച്ചത്തിലെക്കൊരു  നേര്‍ ചാട്ടം.
താപം അടിഞ്ഞു കൂടിയ ജീവിതത്തിന്റെ അടരുകളില്‍
ആര്‍ദ്രതയുടെ പുതിയ സ്പന്തനങ്ങള്‍.......................
വസന്ത നിലാവിന്റെ പുതിയ മഴവില്‍ക്കുടകള്‍,
ജീവിതത്തിന്റെ വെയില്‍ നിലങ്ങളില്‍  തണല്‍  വിടര്‍ത്തി.
വന്ത്യമായിരുന്ന മാനത്ത് ആര്‍ദ്രതയുടെ പുതിയ കാര്‍മേഘങ്ങള്‍,
മരിച്ചു കിടന്ന നിലങ്ങളില്‍ വസന്തത്തിന്റെ പുതിയ തളിര്‍ ചെടികള്‍....
മനുഷ്യ കാമനകള്‍ക്ക്‌ പുതിയ ചിറകുകള്‍............
വിമോചനത്തിന്റെ പുതിയ സ്വപ്‌നങ്ങള്‍....
ഖുറാന്‍ ഒരു പുതിയ തുടക്കമായിരുന്നു,
മാനവികതയുടെ എല്ലാ അര്‍ത്ഥങ്ങളും,
ആവിഷ്കരിച്ച ഒരു പുതിയ മുന്നേറ്റത്തിന്റെ.............