Monday, 20 January 2014

ആമുഖം .

വിശ്വാസ ജീവിതം എന്നത് ദൈവവും മനുഷ്യനുമായുള്ള പരസ്പര പ്രേമത്തിന്റെ അദൃശ്യമായ പട്ടുനൂലിനാല്‍  തുന്നിച്ചേര്‍ക്കപ്പെട്ടതാണ്.  ജഡപൂര്‍ണ്ണമായ നിശ്ചലതയല്ല അത്. ദൈവത്തോടപ്പമുള്ള അനുയാത്രയാണ്.തണുത്തുറഞ്ഞു സ്ഥിത സ്വഭാവം കൈവരിച്ച ഒരു ഹിമാവസ്ഥ ഒരിക്കലും അവിടെ ഉണ്ടാവില്ല.
പരിഭവങ്ങളും,പരിദേവനങ്ങളും,കലഹങ്ങളും,അഗാധമായ നിര്‍വൃതിയും,ഹര്ഷോന്മാദത്തിന്റെ മൂര്‍ച്ചയും ഒക്കെ നെടുകെയും,കുറുകെയും മുറിച്ചു കടക്കുന്ന ഒട്ടനേകം രേഖകള്‍ പല ദിശയില്‍ പ്രയാണം ചെയ്യുന്ന ഒരു ബഹുലാര്‍ഥ യാധാര്‍ഥയമാണത്‌.അല്ലാഹുവിന്റെ സന്നിധിയിലേക്ക്  ഒരു പച്ചക്കിളിയായ് നിരന്തരമായുള്ള പറക്കലിനിടയിലുളവാകുന്ന ഇടര്‍ച്ചകളും തളര്ച്ചകളും സൃഷ്ടിക്കുന്ന  ആഴമേറിയ വേദനകളും,
വീണ്ടും ഉയര്‍ന്നെഴുന്നേറ്റു പറക്കലുകള്‍ സമ്മാനിക്കുന്ന പ്രതീക്ഷയുടെ ആനന്തവും ഇരുളിന്റെയും വെളിച്ചത്തിന്റെയും അലകളായി പരസ്പരം ഖണ്ഡനം ചെയ്തു കൊണ്ടേ ഇരിക്കും.അവസാനം വരെയും പ്രവചനങ്ങള്‍ അസാധ്യമാക്കുന്ന, പലപ്പോഴും സ്ഥിത സമവാക്യങ്ങള്‍ക്ക് വ്യാഖ്യാനിക്കാനാവാത്ത ഒരു പ്രതിഭാസം ആയിരിക്കുമത്.ആത്മാവ് വറ്റിയ മതത്തിന്റെ ഉപകരണപ്പെട്ടിയിലെ സ്കെയിലും കോമ്പസ്സും കൊണ്ട് അളന്നു മുറിച്ച നിയതവും പരിമിതവുമായ ഭൂമിശാസ്ത്രമല്ല ഒരിക്കലും വിശ്വാസ ജീവിതം.ഒരു പുഴയുടെത് പോലുള്ള നിരന്തരമായ പ്രവാഹങ്ങളും,വേലി യേറ്റങ്ങളും ഇറക്കങ്ങളും അവിടെ സംഭവിച്ചു കൊണ്ടേ ഇരിക്കും.
(ഇവിടെ കൊടുക്കുന്ന ചില ആത്മ വിചാരങ്ങള്‍,വിശ്വാസ സമൂഹത്തിന്റെ വേദനകളില്‍ മനം നീറിയ  ഭൂത കാലത്തെ  ഏതോ ചില നിമിഷങ്ങളില്‍ അല്ലാഹുവുമായുള്ള സംഭാഷണ രൂപത്തില്‍  കുറിചിട്ടതാണ്.ഇതെഴുതുമ്പോള്‍, വായിച്ചിട്ടില്ലെങ്കിലുംകേട്ടറിഞ്ഞ, ഇഖ്‌ബാലിന്റെ ശികവാ(പരിദേവനം)മനസ്സിലുണ്ട്.

പരിദേവനം 

 ദൈവമേ ,
നീ എന്നെ അയച്ചതെന്തിനു,
ഈ ലോകത്തേക്ക് ?
ഞാനിത് ആശിച്ചതല്ലല്ലോ.
നീ എന്തേ  ഒന്നും മിണ്ടുന്നില്ല ?
വിധിയുടെ സിംഹാസനത്തിനു പകരം,
  മൌനത്തിന്റെ വാല്‍മീകം നിനക്ക് താവളമായെന്നോ?
ബാഗ്ദാദില്‍ വെടിയേറ്റ്‌ ചിതറിയ ആ കുഞ്ഞിന്റെ രോദനം
നിന്റെ കര്‍ണ്ണ പുടത്തിലേക്ക് ,
അനുമതി കിട്ടാതെ മരിച്ചു വീണു.
മുഹമ്മദ്‌ അബൂ ദുര്‍റയുടെ ജീവന്റെ മേല്‍ ഇസ്രായേലി വെടിയുണ്ടകള്‍
ഉന്മാദത്തിന്റെ നടനമാടിയപ്പോള്‍,
നിന്റെ കാഴ്ചക്ക് കാര്‍മേഘം മറയിട്ടു.
ഗുജറാത്തില്‍, പാവം പെണ്ണിന്റെ ഉള്ളില്‍ പൊടിച്ചു വന്ന പുതു നാമ്പുകള്‍
അരിഞ്ഞെടുത്തു അഗ്നിയിലെക്കെറിഞ്ഞപ്പോള്‍,
നിന്റെ മൌനം അക്രമിയുടെ വാളിനു മൂര്ച്ചയേറ്റിയോ?
നിസ്സംഗതയുടെ പട്ടുമെത്തയില്‍ സുഷുപ്തി കൊള്ളൂന്നവനെ,
ഇവന് നിന്നോട് പിണക്കമാണ് .
അതിരറിയാത്ത കാരുണ്യത്തെ ക്കുറിച്ച് കലാമില്‍* വചാലമായവനെ,
നിന്റെ ആകാശത്തിലെന്തേ കാരുണ്യത്തിന്റെ മേഘങ്ങള്‍ വനധ്യമായിപ്പോയത് ?
നിന്റെ ഭൂമിയില്‍ പിശാചിന്റെ അട്ടഹാസങ്ങള്‍..
സംഹാര മൂര്‍ത്തിയുടെ താണ്ഡവ നൃത്തം.
ദുര്‍ബലന്റെ തലയോടുകള്‍ക്ക് മേല്‍,
പ്രബലന്മാര്‍ സാമ്രാജ്യ മുയർത്തുന്നു.
യാ അല്ലാഹ് ,
എന്നിട്ടുമെന്തേ നീ ദൂരെ മാറി,
മാന്തഹാസം തൂകി,
ഒന്നും അറിഞ്ഞില്ലെന്നു നടിക്കുന്നു.
നീ പ്രബലന്മാര്‍ക്കൊപ്പമെന്നോ ?
മര്ദിതന്റെ എതിര്‍ ചെരിയിലോ ?
ഇല്ല,എനിക്കിത് കാണാന്‍ കരുത്തില്ല.
ഇല്ല ,എനിക്കിത്  കേള്‍ക്കാന്‍ ശേഷിയില്ല.
എപ്പോഴാണ് ?എവിടെയാണ് വെളിച്ചം ഉദിക്കുക ?
നീ ഉത്തരം പറയുന്നേ ഇല്ല.
ചുണ്ടുകള്‍ വീണ്ടും ഇറുക്കി അടക്കുന്നു.
അതിനാല്‍,യാ അല്ലാഹ്,
പിണക്കമാണ് എനിക്ക് നിന്നോട് ,
ഉത്തരം തരും വരെ നാം തമ്മില്‍ മിണ്ടില്ല .
(2005 മെയ്‌ )



* ഖുര്‍ ആണാണ് ഉദ്ദേശം

No comments:

Post a Comment