Monday, 20 January 2014

തോക്കും ബോംബും ഇല്ലാത്തവന്‍ എങ്ങനെ പോരാടും?
നിങ്ങള്‍,
എന്റെ അവസാന ബുള്ളറ്റും പിടിച്ചു വാങ്ങി,
എന്റെ കൈകളെ വിലങ്ങു വെച്ചു.
കാലുകളില്‍ ചങ്ങല അണിയിച്ചു.
വായും കണ്ണും മൂടിക്കെട്ടി.
നിങ്ങള്‍,
എന്റെ കുടുംബം തകര്‍ത്തു.
നാടും വീടും തകര്‍ത്തു.
എന്റെ ജനതയുടെ സ്വപ്നങ്ങള്‍ക്ക്,
നിങ്ങള്‍ ചിതയൊരുക്കി.
ഒരു ബ്രോയിലര്‍ കോഴിയെപ്പോലെ-
 ഞാന്‍ ചിറകൊതുക്കിത്തരുമെന്നു,
ചുണ്ട് പൂട്ടി വയ്ക്കുമെന്ന്,.
വളര്‍ത്തു നായ പോലെ-
ഞാന്‍ വാലാട്ടി വിധേയനാവുമെന്നു,
പായല്‍ പോലെ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഒഴുകുമെന്ന്,
കരിയില പോലെ,
നിങ്ങള്‍ക്കൊപ്പം പാറുമെന്ന്,
നിങ്ങള്‍ കരുതി.
എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.
എന്റെ വേദനകള്‍ കൊണ്ട് ഞാന്‍ പ്രതിരോധിക്കും.
എന്റെ കണ്ണ് നീര്‍ കണങ്ങള്‍,
സമുദ്രങ്ങളായ് ആര്‍ത്തിരമ്പും.
എന്റെ നെടു വീര്‍പുകള്‍,
കൊടുംകാറ്റായ് വീശിയടിക്കും.
എന്റെ ഹൃദയമിടിപ്പുകള്‍
ബോംബുകളായ് പൊട്ടിത്തെറിക്കും.
എന്റെ തേങ്ങലിലെ വരി തെറ്റിയ വിറയാര്‍ന്ന ശബ്ദങ്ങള്‍,
നിങ്ങടെ കര്‍ണപുടങ്ങളെ തകര്‍ക്കും.
ഓര്‍ക്കുക,
വേദനയും,സ്വപ്നങ്ങളും,കണ്ണീരും ഉള്ള കാലം,
ഞങ്ങളുടെ പോരാട്ടം നിലക്കുകയേ ഇല്ല.

No comments:

Post a Comment